ആദിവാസികളുടെ പോഷകാഹാര പദ്ധതി; ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് 10 മാസം

സര്‍ക്കാരിന്റെ മാതൃകാ പദ്ധതിയെന്ന പേരില്‍ നടപ്പാക്കിയ അട്ടപ്പാടി ചെറുധാന്യ ഗ്രാമത്തിലെ ജീവനക്കാർക്ക് പത്ത് മാസമായി ശമ്പളമില്ല. ഇരുപത്തി ഒന്നുപേര്‍ യാതൊരു ആനുകൂല്യവുമില്ലാതെയാണ് ജോലി തുടരുന്നത്. പരിഹാരം വൈകിയാല്‍ ആദിവാസികളുടെ പോഷകാഹാര പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതി വഴിയില്‍ നിലയ്ക്കുമോ എന്നതും ആശങ്കയാണ്. 

കൃഷി വകുപ്പിന്റെ മാതൃകാ പദ്ധതിയാണ് അട്ടപ്പാടി ചെറുധാന്യഗ്രാമം. ആദിവാസി മേഖലയിൽ ചെറുധാന്യ ഉൽപാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സംരംഭത്തിന് കഴിഞ്ഞിരുന്നു. ചീരക്കടവിൽ മില്ലും പാക്കിങ് സംവിധാനവും ഒരുക്കി. കൂടുതല്‍ ജില്ലകളിലേക്കും പ്രചാരമെത്തി. ഇതിനിടയിലാണ് ജീവനക്കാരുടെ ശമ്പള പ്രതിസന്ധി. ഇരുപത്തി ഒന്ന് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മാസം പത്ത് കഴിഞ്ഞു. 

അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിക്കുള്ള ഫണ്ടും അനുവദിച്ചില്ലെന്ന് ജീവനക്കാർ. അടിയന്തര പ്രാധാന്യത്തോടെ തുക അനുവദിച്ച് തടസം നീക്കണമെന്നാണ് ജനപ്രതിനിധികളുടെയും ആവശ്യം. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പദ്ധതിയുടെ ഭാവിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ജീവനക്കാർ. ചെറുധാന്യ ഗ്രാമം പാതിവഴിയില്‍ നിലച്ചാല്‍ ഊരുകളിലേക്കുള്ള സഹായവും മുടങ്ങും.