വാര്‍ത്തഫലം കണ്ടു; നാരായണന് പുത്തന്‍ ഓട്ടോ സമ്മാനിച്ച് മലയാളി ദമ്പതികള്‍

ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിന് സ്റ്റേഷനില്‍ പിടിച്ചിട്ട ഓട്ടോ,  ഉടമയറിയാതെ പൊലീസ് ലേലം ചെയ്ത സംഭവത്തില്‍ ദുരിതത്തിലായ പരാതിക്കാരന്‍  പുത്തന്‍ ഓട്ടോ കൈയ്യില്‍ കിട്ടിയ സന്തോഷത്തിലാണ്. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ചെന്നൈയില്‍ താമസമാക്കിയ മലയാളി ദമ്പതികളാണ് കഴിഞ്ഞദിവസം  വയനാട് മേപ്പാടി സ്വദേശി നാരായണന് പുതിയ ഓട്ടോയുടെ താക്കോല്‍ സമ്മാനിച്ചത്

ദുഖം കടിച്ചുപിടിച്ച മുഖമായിരുന്നു നാരായണന്‍ ചേട്ടനെ ആദ്യം കാണുമ്പോള്‍. സംസാരത്തിനിടെ പലതവണ വിങ്ങിപ്പൊട്ടുന്ന അവസ്ഥ. വാര്‍ത്തയ്ക്കു പിന്നാലെയുള്ള ഇടപെടലില്‍ പുതിയ ഓട്ടോ കിട്ടുമ്പോള്‍ സന്തോഷമായിരുന്നു ആ മുഖം നിറയെ.

ചെന്നൈയില്‍ നേരിട്ടെത്തി തന്നെ സഹായിക്കാന്‍ മുന്നോട്ടു വന്ന തലശ്ശേരി പാനൂര്‍ സ്വദേശി ടി.ബാലനെയും ഭാര്യ അജിതയെയും കണ്ടു. സന്തോഷം അറിയിച്ചു. പിന്നാലെ വയനാട്ടിലെ ഷോറൂമില്‍ നിന്ന് ഓട്ടോ ഇറക്കി. പുത്തന്‍ ഓട്ടോ കിട്ടിയെങ്കിലും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് നാരായണന്‍ ചേട്ടന്‍ പറയുന്നത്.