യാത്ര പോകുമ്പോള്‍ വീടിന് പൊലീസ് സംരക്ഷണം വേണോ? ഇത്രയും ചെയ്താല്‍ മതി

Archive Image

അവധിക്കാലത്ത് വീടുപൂട്ടി കുടുംബസമേതം വിനോദയാത്രയ്ക്കും തീര്‍ഥാടനത്തിനുമൊക്കെ പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഇത്തരത്തില്‍ വീടുപൂട്ടി യാത്ര ചെയ്യുന്നവര്‍ അക്കാര്യം പൊലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഒന്നുമുതല്‍ ഈ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 1231 പേരാണ് ഈ സൗകര്യം വിനിയോഗിച്ചത്.

പോല്‍–ആപ്പ്

പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍–ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതുവഴിയാണ് വിവരം അറിയിക്കേണ്ടത്. ആപ്പ് തുറന്ന് അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തില്‍ അപേക്ഷ നല്‍കാം. യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പെങ്കിലും ഇത് ചെയ്തിരിക്കണം. യാത്ര പോകുന്ന ദിവസങ്ങള്‍, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കണം. യാത്ര പുറപ്പെടുന്നതിന് ഏഴുദിവസം മുന്‍പുവരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും.

ഇനി യാത്ര പോകുമ്പോള്‍ ടെന്‍ഷന്‍ വേണ്ട. പൊലീസും പോല്‍–ആപ്പും പൊളിയല്ലേ! ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും പോല്‍–ആപ് ഡൗണ്‍ലോഡ് ചെയ്യാം.
People leaving homes for vacation can seek police protection to their houses through Pol-App