കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് 24 പേര്‍ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. സമാനരോഗലക്ഷണങ്ങളുമായി ചികിത്സക്കെത്തിയവരുടെ രക്ത സാംപിള്‍ പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. കുണ്ടുതോടും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
പനി ബാധിച്ച്കൂടുതല്‍ ആളുകള്‍ ചികിത്സയ്ക്ക് എത്തുകയും എല്ലാവര്‍ക്കും സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് തൊട്ടില്‍പാലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഒരാളുടെ രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ടൈഫോയിഡ് സ്ഥിരീകരിച്ചതോടെ സമാന രോഗലക്ഷണങ്ങളുമായി എത്തിയവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൂടുതല്‍പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും ആരോഗ്യ പ്രവര്‍ത്തകരുടെ അഞ്ച് സംഘങ്ങള്‍ വീടുകളില്‍ സര്‍വെ നടത്തുന്നുണ്ട്. പ്രാഥമികഘട്ടമെന്ന നിലയില്‍ പ്രദേശത്തെ കിണറുകളിലും ജലസ്രോതസുകളിലും അണുനശീകരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്തെ കടകളില്‍ ശീതളപാനീയങ്ങള്‍ വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.