no-students

സ്കൂൾ വാഹനം വരാത്തതിനെ തുടർന്ന് ഒരൊറ്റ വിദ്യാർഥി പോലും ക്ലാസിൽ എത്താതെ വയനാട് എരുമക്കൊല്ലി യു.പി.സ്കൂൾ. വണ്ടി വാടകയിനത്തിൽ ഒരു ലക്ഷത്തിലേറെ രൂപ കുടിശികയായത്തോടെയാണ് സ്കൂളിലേക്കുള്ള ജീപ്പ് സർവീസ് മുടങ്ങിയത്.

47 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ 2018ലെ ബാലാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് വാഹന സൗകര്യം ഏർപ്പെടുത്തിയത്. വന്യജീവി ശല്യമുള്ള മേഖലയിൽ കാൽനടയായി സ്കൂളിൽ എത്താനുള്ള പ്രയാസം കണക്കിലെടുത്തായിരുന്നു ഉത്തരവ്. ആദ്യം ഓട്ടോ ആയിരുന്നെങ്കിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതോടെ അധ്യയന വർഷത്തിന്റെ ആരംഭം മുതൽ ജീപ്പ് സർവീസ് ഏർപ്പെടുത്തി. അഞ്ച് മാസം ഓടിയതിന്റെ തുക കിട്ടാതായതോടെ ചൊവ്വാഴ്ച രാവിലെ ജീപ്പ് സർവീസ് നിലയ്ക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കളും പ്രതിസന്ധിയിലായി.

പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ മേപ്പാടി പഞ്ചായത്തിലേക്ക് പ്രതിഷേധവുമായി എത്തി. ഏറെ ചർച്ചകൾക്കൊടുവിൽ കുടിശികയുടെ ഒരു ഭാഗം അടിയന്തരമായി കൊടുത്തുതീർക്കാനും ബുധനാഴ്ച മുതൽ വാഹന സൗകര്യം പുനരാരംഭിക്കുവാനും തീരുമാനമായി. ഒരു ലക്ഷത്തി എഴുപത്തോരായിരം രൂപയാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് കുടിശിക വരുത്തിയത്.