അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ മണ്ണിടിഞ്ഞ അമ്പലപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. മൂന്നാഴ്ച കഴിഞ്ഞിട്ടും വാഹന ഗതാഗതം തുറന്നു കൊടുക്കാനായില്ല.
അതിരപ്പിള്ളി..മലക്കപ്പാറ റൂട്ടില്‍ കനത്ത മഴയ്ക്കിടെ അമ്പലപ്പാറ ഭാഗത്ത് മണ്ണിടിഞ്ഞത് നവംബര്‍ നാലിനായിരുന്നു. രണ്ടു ദിവസത്തിനു ശേഷം പൂര്‍ണമായും റോഡ് അടച്ചു. കെ.എസ്.ആര്‍.ടി.സി. ബസ് പോലും കടത്തിവിട്ടിരുന്നില്ല. ആയിരത്തിലേറെ തോട്ടം തൊഴിലാളികളുടെ യാത്ര മുടങ്ങിയിരുന്നു. ഇതിനു പുറമെ അഞ്ച് ആദിവാസി കോളനികളിലായി മുന്നൂറോളം പേരും യാത്രയ്ക്കു വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്നു. വാല്‍പ്പാറ വഴി കിലോമീറ്ററുകളോളം വളഞ്ഞാണ് ചാലക്കുടി ഭാഗത്തേയ്ക്കു വന്നിരുന്നത്.
പതിനഞ്ചു ദിവസത്തിനകം റോഡു പണി തീര്‍ത്ത് ഗതാഗതം പുനസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷേ, പണി പൂര്‍ത്തിയായില്ല. റോഡിന്റെ ഒരു വശം കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായി. എന്നാല്‍, അനുബന്ധ ജോലികള്‍ കഴിയാത്തതാണ് പ്രശ്നം. ഇനിയും നീണ്ടുപോയാല്‍ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും.