
കോഴിക്കോട് നാദാപുരം കമ്പിളിപ്പാറ മലയിലെ ക്വാറിയില്‍ നിന്ന് യന്ത്രങ്ങള്‍ നീക്കി നാട്ടുകാരുടെ സമരത്തിനൊടുവിലാണ് മണ്ണുമാന്തി യന്ത്രം അടക്കമുള്ളവ നീക്കിയത്. സമരത്തിന്‍റെ വിജയമാണിതെന്ന് സമര സമിതി വ്യക്തമാക്കി.
പരിസ്ഥിതിലോല പ്രദേശമായ കമ്പിളിപ്പാറ മലയില്‍ ഖനനം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന നിലപാടിലാണ് സമരം തുടങ്ങിയത്. വീടുകള്‍ക്കുള്‍പ്പെടെ കേടുപാടുകളും സംഭവിച്ചിരുന്നു. ഇതിനിടെ സമരക്കാരെ പൊലീസ് കയ്യേറ്റം ചെയ്തതും വലിയ വിമര്‍ശനത്തിനിടയാക്കി. പിന്നാലെ ക്വാറി പ്രവര്‍ത്തനം പഞ്ചായത്ത് തടഞ്ഞെങ്കിലും യന്ത്രങ്ങള്‍ മാറ്റിയിരുന്നില്ല. ഒടുവില്‍ സമരസമിതി അംഗങ്ങള്‍ തഹസില്‍ദാറെ പരാതി അറിയിച്ചതോടെ യന്ത്രം നീക്കുകയായിരുന്നു
യന്ത്രസഹായമില്ലാതെ ഖനനം നടത്താനാണ് വാണിമേല്‍ പഞ്ചായത്ത് അനുമതി നല്‍കിയിരുന്നത്. അത് ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് പ്രവര്‍ത്തനം വിലക്കിയിരുന്നത്. വീണ്ടും യന്ത്രങ്ങള്‍ എത്തിച്ചാല്‍ സമരം പുനരാരംഭിക്കാനാണ് നീക്കം. അതിനിടെ പ്രദേശത്തെ വീടുകളില്‍ വിള്ളല്‍ വീണതും മണ്ണില്‍ ഗര്‍ത്തം രൂപപ്പെട്ടതും എങ്ങനെയെന്ന് കണ്ടെത്താന്‍ അധികൃതര്‍ നീക്കം തുടങ്ങി.
Machines were removed from the quarry at Kambilipara Hill.