banana-cutting-farmer

കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവായതോടെ നട്ടുവളർത്തിയ രണ്ടായിരത്തോളം വാഴകൾ സ്വയം വെട്ടി നശിപ്പിച്ച് കർഷകൻ. പാലക്കാട് കല്ലടിക്കോട് തച്ചൊടിയിൽ രമേശാണ് കുലച്ച വാഴകൾ ഉൾപ്പടെ ഗത്യന്തരമില്ലാതെ വെട്ടിക്കളഞ്ഞത്. വന്യമൃഗശല്യം തടയാന്‍ വനംവകുപ്പ് യാതൊന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശത്തെ കര്‍ഷകരുടെയും പരാതി. 

മൂന്നേക്കർ, മീൻവല്ലം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും പ്രതിരോധ നടപടി സ്വീകരിക്കാത്ത അധികൃതരുടെ മനസ്സാക്ഷി ഉണർത്താനാണ് ലക്ഷങ്ങളുടെ നഷ്ടം സഹിച്ചുള്ള കർഷക പ്രതിഷേധം. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് കുലച്ചതുൾപ്പെടെയുള്ള വാഴകളാണ് വെട്ടി മാറ്റിയത്. വനാതിർത്തി കടന്ന് ദിവസേനയെത്തുന്ന കാട്ടാനക്കൂട്ടം ജീവനും സ്വത്തിനും ഭീഷണിയാവുന്നത് തടയാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്ന് രമേഷ്. 

ആന,കാട്ടുപന്നി, കുരങ്ങ്, എന്നിവയുെട ശല്യം പതിവായ മൂന്നേക്കറിൽ കഴിഞ്ഞ ഒരു മാസമായി കാട്ടാനക്കൂട്ടമിറങ്ങുന്നുണ്ട്. ഏക്കര്‍ക്കണക്കിന് കൃഷിയിടത്തിലെ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചു. കൃഷി ഉപജീവനമാക്കിയവര്‍ പലരും കടക്കെണിയിലായി. വൈദ്യുതി വേലി ഉള്‍പ്പെടെ സ്ഥാപിച്ച് പ്രതിരോധം ശക്തമാക്കണമെന്ന കര്‍ഷകരുടെ ആവശ്യം വനംവകുപ്പ് കാര്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. നാമമാത്രമായ നഷ്ടപരിഹാരത്തിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുന്നതും വാഴ വെട്ടിയുള്ള പ്രതിഷേധത്തിന്റെ കാരണമാണ്. 

The farmer cut and destroyed about 1000 bananas himself