താമരശ്ശേരി ചുരത്തിന് സമാന്തരമായി ബൈപാസ്; ആവശ്യവുമായി ജനകീയ സംഗമം

thamarassery
SHARE

തടസമില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം നികുതിദായകരുടെ അവകാശമാണെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി ചുരത്തിലെ യാത്രക്ലേശം പരിഹരിക്കാന്‍ ചുരം ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അടിവാരത്ത് സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിക്കടി കുരുക്കുണ്ടാകുന്ന താമരശ്ശേരി ചുരത്തിന് സമാന്തരമായി ബൈപാസ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിര്‍ദിഷ്ട ചിപ്പിലിത്തോട്, മരുതിലാവ്, തളിപ്പുഴ ബൈപാസ് യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ യാത്രാ ദുരിതത്തിന് വലിയ അളവില്‍ പരിഹാരമാകും. ഇതിന് ജനപ്രതിനിധകള്‍ താല്‍പര്യം കാണിക്കണമെന്ന് ബിഷപ്പ് മാര്‍ റെമീജിയോസ് ആവശ്യപ്പെട്ടു.

ചുരത്തില്‍ എപ്പോള്‍ കുരുക്കുണ്ടാകും എന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍. ചുരത്തിന്‍റെയും നാടിന്‍റെയും വികസനത്തിന് ഒരുമിച്ച് നീങ്ങാന്‍ എല്ലാവര്‍ക്കുമാകണം. തുരങ്ക പാതയുടെ നടപടികളും പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ രംഗത്തുള്ള ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അടിവാരത്ത് ജനകീയ സംഗമം സംഘടിപ്പിച്ചത്. ചുരത്തിന് ബദല്‍ ചുരം ബൈപ്പാസ് മാത്രമെന്ന സന്ദേശമുയര്‍ത്തിയായിരുന്നു സംഗമം.

Bypass parallel to Thamarassery Pass

MORE IN NORTH
SHOW MORE