വയനാട് പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കക്കടവ് പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും അപ്രോച്ച് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കല്ല് പാകിയ റോഡിലെ യാത്രദുരിതം കാരണം കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ് നാട്ടുകാര്‍ക്ക്.
കക്കടവ് പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്‍റെ നിര്‍മാണം 2003ല്‍ ജില്ലാ പഞ്ചായത്താണ് തുടക്കമിട്ടത്. ഫണ്ട് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പണി മുടങ്ങി. പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിര്‍മാണം 2016ല്‍ ഭാര്‍ഗികമായി പൂര്‍ത്തിയായി. അപ്രോച്ച് റോഡിന്‍റെ ടാറിങ് ബാക്കിനില്‍ക്കെ അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രി പി. കെ. ജയലക്ഷ്മി പാലം ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്ഥാനത്തേക്ക് ഉള്‍പ്പടെയുള്ള യാത്രദൂരം കുറയ്ക്കാന്‍ പദ്ധതിക്ക് സാധിക്കുവായിരുന്നെങ്കിലും റോഡ് പണി പൂര്‍ത്തിയാകാത്തത് തിരിച്ചടിയായി.
അതേസമയം കല്ല് പാകിയ റോഡില്‍ അപകടങ്ങളും പതിവാണ്. അപ്രോച്ച് റോഡും പാലവും തമ്മിലുള്ള ഉയരവ്യത്യാസം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടാനും ഇടയാക്കുന്നു. രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം എന്നതിലുപരി കല്‍പ്പറ്റ, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് കക്കടവ്. യാത്രദൂരം ഗണ്യമായി കുറയുന്നതിനൊപ്പം ബസ് ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ പ്രദേശത്തെത്താന്‍ പദ്ധതി സഹായകരമാകും. ടൂറിസം വികസനത്തിനും കരുത്തുപകരാന്‍ സാധിക്കുന്ന പദ്ധതിയിലെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് മണ്ഡലങ്ങളിലെയും എം.എല്‍.എമാര്‍ മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad kakkadavu bridge aproach road