2014ല്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റ് സംഘവും ഏറ്റുമുട്ടിയ വയനാട് വെള്ളമുണ്ട ചപ്പയില്‍ കോളനിയില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. റോഡും കുടിവെള്ളവും വീടുമുള്‍പ്പടെയുള്ള വമ്പന്‍ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ലഭിച്ചത് അവഗണന മാത്രം.
കാട് അതിരിടുന്ന റോഡിലൂടെ കിലോമീറ്ററുകള്‍ യാത്രചെയ്യണം ചപ്പയില്‍ കോളനിയില്‍ എത്താന്‍. ഒമ്പത് വര്‍ഷം മുന്‍പുള്ള കാഴ്ചയില്‍ നിന്നുള്ള മാറ്റം അങ്ങിങ്ങായി ഉയര്‍ന്ന പണിതീരാത്ത വീടുകളാണ്. തകര്‍ന്നു കിടക്കുന്ന റോഡിലൂടെ നിര്‍മാണ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ പണി മുടങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് എന്നത് വെറും വാഗ്ദാനം മാത്രമായി.കോളനിയിലെ വീടുകള്‍ക്കെല്ലാമായി ഉള്ളത് ഒരോറ്റ കിണര്‍ മാത്രം. വേനലായാല്‍ അതും വറ്റും. കുടിവെള്ളമെന്ന വാഗ്ദാനവും വെറുംവാക്കായി.
ആദിവാസി മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നില്ലെന്നായിരുന്നു മാവോയിസ്റ്റ് സംഘങ്ങളുടെ പ്രധാന ആക്ഷേപങ്ങളില്‍ ഒന്ന്. ഇതോടെയാണ് 2014 ഡിസംബര്‍ ഏഴിലെ ഏറ്റുമുട്ടലിനു ശേഷം സ്ഥലം സന്ദര്‍ശിച്ച അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഞ്ച് കോടി രൂപയുടെ തൊണ്ടര്‍നാട് സ്പെഷല്‍ പാക്കേജ് പ്രഖ്യാപിച്ചത്. ചപ്പയില്‍ കോളനി ഉള്‍പ്പടെ പ്രദേശത്തെ പതിമൂന്ന് ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യ വികസനവും ജീവിതനിലവാരം ഉയര്‍ത്തലുമായിരുന്നു ലക്ഷ്യം. തുടങ്ങിവെച്ച പദ്ധതികളില്‍ അഴിമതി കറ പുരണ്ട് വിജിലന്‍സ് കേസ് ആയതോടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. അന്ന് തുടങ്ങിയതാണ് നല്ല റോഡിനും ജീവിതത്തിനുമായുള്ള ഇവിടുത്തുകാരുടെ കാത്തിരിപ്പ്.