paddy-planting-wayanad

തുടികൊട്ടിന്‍ താളത്തില്‍ ഞാറ് നടാന്‍ ആദിവാസികള്‍ ചേറിലിറങ്ങിയതോടെ വയനാട് കുപ്പാടിത്തറ നിറപറ പാടശേഖരത്തിലെ കമ്പളനാട്ടി ഉല്‍സവമായി. ആദിവാസികളുടെ പരമ്പരാഗത കൃഷിരീതിയായ കമ്പളനാട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം നിറപറ പാടശേഖരത്തിലേക്ക് എത്തിയതോടെ നാടാകെ കാഴ്ചക്കാരായ് ഒത്തുകൂടി.

തുടികൊട്ടിന്‍ താളത്തില്‍ ആവേശത്തോടെ വേണം ഞാറ് പറിച്ച് തുടങ്ങാന്‍. ഏക്കറ് കണക്കിന് വരുന്ന പടങ്ങളിലെ ഞാറ് നടീല്‍ ഒറ്റ ദിവസം കൊണ്ട് തീര്‍ക്കേണ്ടതുണ്ട്. താളത്തില്‍ വേഗത്തില്‍ അസാമാന്യ മെയ്‌വഴക്കത്തോടെ കമ്പളനാട്ടിക്കിറങ്ങിയത് മക്കോട്ട്ക്കുന്ന്, തേറുമ്മല്‍ പുലയ കോളനി നിവാസികളാണ്. ഊരു മൂപ്പന്‍ മരത്തന്‍റെ നേതൃത്വത്തില്‍ ആചാരനുഷ്ഠാനങ്ങളോടെയാണ് പാടത്തിറങ്ങിയവര്‍ കമ്പളനാട്ടിക്കൊരുങ്ങിയത്.

കരിയാടംകണ്ടി ഇബ്രാഹിമിന്‍റെ അഞ്ച് ഏക്കര്‍ പാടത്താണ് കമ്പളനാട്ടി നടന്നത്. എഴുപതോളം തൊഴിലാളികളെ കൂട്ടി പരമ്പരാഗത രീതിയിലെ ഞാറ് നടീല്‍ ചെലവേറിയതെങ്കിലും തന്‍റെ പിതാവിന്‍റെ സ്മരണാര്‍ഥമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബവയലില്‍ കമ്പളനാട്ടി സംഘടിപ്പിച്ചത്. ഞാറ് നടുന്നതിനിടെ മഴയെത്തി. നാട്ടി ഉല്‍സവമാകുന്നത് നാട്ടാര് നനയുമ്പോഴെന്ന് മൂപ്പന്‍. നാടിന്‍റെ ഉല്‍സവം പൊലിപ്പിക്കാന്‍ കുട്ടികൂട്ടങ്ങളുമുണ്ട് ചേറില്‍.

Kambalanatty festival starts at Wayanad