മലപ്പുറം പുളിക്കല് ഗ്രാമപഞ്ചായത്ത് ഓഫീസില് ആത്മഹത്യ ചെയ്ത റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്ക് കാരണമായ പ്ലാസ്റ്റിക് ഫാക്ടറി വീണ്ടും തുറക്കാന് നീക്കം. റസാഖിന്റെ മരണശേഷം രണ്ടുമാസമായി പൂട്ടിക്കിടന്ന ഫാക്ടറി വീണ്ടും തുറക്കാന് ശ്രമിച്ചതോടെ പ്രതിഷേധമുയര്ത്തി നാട്ടുകാരും രംഗത്തെത്തി.
ഫാക്ടറിയുടെ സാധുത പരിശോധിക്കാനാണ് ജൂണില് ജില്ല കലക്ടര് വിദഗ്ധസമിതിക്ക് രൂപം നല്കിയത്. സമിതിയുടെ റിപ്പോര്ട്ട് ലഭിക്കുന്നതു വരെ ഫാക്ടറി തുറക്കാന് പാടില്ലെന്നായിരുന്നു തീരുമാനം. എന്നാല് റിപ്പോര്ട്ട് വരുന്നതിനുമുന്പേ ഫാക്ടറി തുറക്കാനാണ് ഉടമസ്ഥന്റെ ശ്രമം. ഇതോടെയാണ് സമരവുമായി നാട്ടുകാര് എത്തിയത്. ഫാക്ടറി വീണ്ടും പ്രവര്ത്തിപ്പിച്ചാല് ഇനിയും പരിസരത്ത് ആപത്തുകള് സംഭവിക്കുമെന്ന് റസാഖിന്റെ സഹോദരന് പറയുന്നു.
പഠിക്കാന് നിയോഗിച്ച വിദഗ്ദസമിതി ഫാക്ടറിക്കടുത്ത് താമസിക്കുന്നവരോട് പോലും കാര്യങ്ങള് ചോദിച്ചറിഞ്ഞില്ലെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാന ഏകജാലക ക്ലിയറന്സ് ബോര്ഡ് നിയോഗിക്കുന്ന ഉന്നതതല സമിതിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജമാലുദ്ദീന് പയമ്പ്രോട്ട് ഹൈക്കോടതിയില് റിട്ട് ഹര്ജി നല്കിയിട്ടുണ്ട്.
Plastic factory planned to reopen