jankarservice-25

കോഴിക്കോട് ബേപ്പൂര്‍–ചാലിയം ജങ്കാര്‍ സര്‍വീസ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. നടത്തിപ്പുകാര്‍ സുരക്ഷ ഉറപ്പാക്കാത്തതിന്‍റെ പേരിലാണ് നിലവിലുള്ള ജങ്കാറിന് തുറമുഖ വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. സര്‍വീസ് നിലച്ചതോടെ യാത്രക്കാര്‍ വലയുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ വൈകരുതെന്നും നാട്ടുകാര്‍ പറയുന്നു. 

ചാലിയത്തെയും ബേപ്പൂരിനെയും ബന്ധിപ്പിക്കുന്ന ജങ്കാര്‍ സര്‍വീസിനെ ആശ്രയിച്ചിരുന്നവരാണ് മറുകരതൊടാന്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കുന്നത്. കേടുപാടുകള്‍ തീര്‍ത്ത് സാങ്കേതിക ക്ഷമത ഉറപ്പാക്കാത്തതിന്‍റെ പേരില്‍ തുറമുഖവകുപ്പ്  ജങ്കാറിന് സ്റ്റോപ്പ് മെമ്മോ നല്‍കി. കൊച്ചിന്‍ ജങ്കാര്‍ സര്‍വീസാണ് നടത്തിപ്പുകാര്‍. കടലുണ്ടി പഞ്ചായത്തിനാണ് മേല്‍നോട്ട ചുമതല. സുരക്ഷ ഉറപ്പാക്കുന്നതിലടക്കം നടത്തിപ്പുകാര്‍ നിരന്തരമായി തുടരുന്ന അനാസ്ഥയാണ് യാത്രക്കാരെ ദുരിതത്തിലാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ജങ്കാര്‍ സര്‍വീസ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

സര്‍വീസ് നിലച്ചിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്രാ ദുരിതം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് ദിവസവും ജങ്കാറിനെ ആശ്രയിച്ചിരുന്നത്. 

People demands to restore Beypore-Chaliyam jankar service