നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയില്ല; നാശത്തിന്റെ വക്കിൽ വിഞ്ജാനദായിനി ദേശീയ വിദ്യാലയം

സ്വാതന്ത്ര്യ സമരകാലത്ത് വിദ്യാഭ്യാസത്തിൽ നിർണായക പങ്ക് വഹിച്ച കാസർകോട് കാഞ്ഞങ്ങാട് വിഞ്ജാനദായിനി ദേശീയ വിദ്യാലയം നാശത്തിന്റെ വക്കിൽ. നവീകരണത്തിനായി സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചിട്ടും നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. മഴക്കാലമെത്തുന്നത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

 സ്വാതന്ത്ര്യസമരത്തിലേക്കിറങ്ങാൻ ഒരു നാടിനെയൊന്നാകെ പ്രേരിപ്പിച്ച ചരിത്രമാണ് വിഞ്ജാനദായിനി ദേശീയ വിദ്യാലയത്തിന്റെത് . സ്വാതന്ത്ര്യസമര സേനാനിയും കവിയുമായാ വിദ്വാൻ പി. കേളുനായർ 1926 ൽ സ്ഥാപിച്ച വിദ്യാലയത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്. കതകുകളും, ജനാലകളും ചിതലരിച്ചു. നിലവിൽ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഹയർസെക്കൻഡറി സ്കൂളിന് കീഴിലാണ്. സാംസ്കാരിക കേന്ദ്രം നിർമിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ചരിത്രമുറങ്ങുന്ന ദേശീയ വിദ്യാലയത്തിന്റെ മേൽക്കൂരയും സ്കൂൾ അധികൃതർ പൊളിച്ചത്

വിഞ്ജാനദയിനി വിദ്യാലയം സംരക്ഷിച്ചുകൊണ്ട് സാംസ്കാരിക കേന്ദ്രം പണിയുമെന്നായിരുന്നു സർക്കാർ തീരുമാനം. എന്നാൽ വ്യക്തമായ പഠനം നടത്താതെ മേൽക്കൂര മാറ്റിയതോടെ ചരിത്ര സ്മാരകം അടിത്തറയോടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്