മുണ്ടൂരിനും കവയ്ക്കുമിടയില്‍ സോളാര്‍ തൂക്കുവേലി; കാട്ടാനയെ പ്രതിരോധിക്കാന്‍ വനംവകുപ്പ്

solarwall-03
SHARE

മലമ്പുഴയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങുന്നത് തടയാന്‍ സോളര്‍ തൂക്കുവേലി പ്രതിരോധവുമായി വനംവകുപ്പ്. 17 ലക്ഷം രൂപ ചെലവില്‍ മുണ്ടൂരിനും കവയ്ക്കുമിടയില്‍ സുരക്ഷയൊരുക്കും. റെയില്‍വേ ലൈന്‍ കടന്നുപോകുന്ന വാളയാറില്‍ ഉള്‍പ്പെടെ സോളര്‍ തൂക്കുവേലി ഫലപ്രദമെന്ന് കണ്ടതോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  

ജനവാസമേഖല പൂര്‍ണമായും കാട്ടാനക്കൂട്ടം കൈയടക്കി. ഹെക്ടര്‍ കണക്കിന് ഭൂമിയിലെ വിളകള്‍ ആനക്കൂട്ടം തരിപ്പണമാക്കി. പല കര്‍ഷകരുടെയും ഉപജീവനമാര്‍ഗം അടഞ്ഞു. മലമ്പുഴ ഡാമിലേക്ക് ജലലഭ്യത തേടിയെത്തുന്ന ആനക്കൂട്ടം ഏറെ നാളായി പ്രദേശത്ത് പരിഭ്രാന്തി തീര്‍ക്കുകയാണ്. ഇതിനെതിരെ നാട്ടുകാരുടെയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സൗരോര്‍ജ തൂക്കുവേലി വേഗത്തില്‍ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ ജനപ്രതിനിധികളെ അറിയിച്ചത്.

മുണ്ടൂര്‍, അരിമണി, ധോണി, കഞ്ചിക്കോട്, അകമലവാരം, കവ മേഖലയിലാണ് ആനക്കൂട്ടത്തിന് പ്രതിരോധ വേലിയൊരുങ്ങുന്നത്. വൈകാതെ പണികള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് വനംവകുപ്പ് നിഗമനം. ഇതോടൊപ്പം നിലവില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വേലികളില്‍ തകരാറുണ്ടെങ്കില്‍ അത് പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നിര്‍ദേശമുണ്ട്.  

Forest dept to plant hanging solar fences in malampuzha

MORE IN NORTH
SHOW MORE