സോണ്ട കമ്പനിക്ക് കരാര്‍ നീട്ടിക്കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി കോര്‍പറേഷന്‍

zonda
SHARE

മാലിന്യം നീക്കം ചെയ്യാനുള്ള കരാര്‍ സോണ്ട കമ്പനിക്ക് ആറാം തവണയും നീട്ടിക്കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് കോഴിക്കോട് കോര്‍പറേഷന്‍ തല്‍ക്കാലം പിന്‍മാറി. പത്ത് ദിവസം കൂടി സമയം നീട്ടി നല്‍കാന്‍ ആലോചിച്ചെങ്കിലും കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. 

മാര്‍ച്ച് 30ന് കരാര്‍ നാലാംതവണ  നീട്ടി നല്‍കിയപ്പോള്‍ ഒരു മാസത്തെ സമയമാണ് നിലവിലുള്ള മാലിന്യം നീക്കാന്‍ സോണ്ടയ്ക്ക് അനുവദിച്ചത്. കോര്‍പറേഷന്‍ നിയോഗിച്ച ടെക്നിക്കല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു മാലിന്യനീക്കം. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും  പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സോണ്ടയ്ക്ക് ആയില്ല. സ്ഥലം സന്ദര്‍ശിച്ച ടെക്നിക്കല്‍ കമ്മിറ്റി സോണ്ടയ്ക്ക് കരാര്‍ നീട്ടി നല്‍കണമെന്നും 10 ദിവസം കൂടി അനുവദിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് സമയം നീട്ടി നല്‍കാന്‍ ഭരണസമിതി ആലോചിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തിയത്. 

ടെക്നിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചിട്ടേ തീരുമാനം എടുക്കുകയുള്ളുവെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.  മാലിന്യം നീക്കാന്‍ പത്തുദിവസം കൂടി അനുവദിക്കണമെന്ന് സോണ്ട കമ്പനിയും കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു.  2019 ലാണ് ഞെളിയന്‍പറമ്പിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ കോര്‍പറേഷന്‍ സോണ്ട ഇന്‍ഫ്രാടെക്കിന് ഒരുവര്‍ഷത്തെ കരാര്‍ നല്‍കിയത്. 

MORE IN NORTH
SHOW MORE