തെറാപ്പിസറ്റുകളില്ല; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസറ്റുകളുടെ കുറവ് കാരണം രോഗികള്‍ ദുരിതത്തില്‍. ഗുരുതരമായ രോഗാവസ്ഥയില്‍ വന്നവര്‍പോലും ഒരു മാസമായി ചികില്‍സ കിട്ടാതെ ആശുപത്രിയില്‍ കഴിയുകയാണ്. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് പകരം നിയമനം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം 

പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്ന ഭര്‍ത്താവിന് ചികില്‍സ തേടിയാണ് സത്യവതി കഴിഞ്ഞ 25ന് ആശുപത്രിയിലെത്തിയത്. ഒരാഴ്ചത്തെ ചികില്‍സയാണ് പറഞ്ഞത്. ഇപ്പോള്‍ ഒരു മാസമായി. ആവശ്യത്തിന്  തെറാപ്പിസ്റ്റുമാരില്ലാത്തതാണ് ചികില്‍സ നീളാന്‍ കാരണം.  കിടത്തിചികില്‍സയ്ക്കെത്തിയ മറ്റ് രോഗികളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. 

മലപ്പുറത്ത് നിന്നും വയനാട്ടില്‍ നിന്നും രോഗികള്‍ ഇവിടെ ചികില്‍സയ്ക്കെത്തുന്നുണ്ട്.  100 പേര്‍ക്ക് കിടത്തിചികില്‍സ നല്‍കാനുള്ള സംവിധാനമുണ്ടിവിടെ. 16 തെറാപ്പിസ്റ്റുമാരാണ് വേണ്ടത്. എന്നാല്‍ നിലവില്‍ 3 തസ്തികകളേ സൃഷ്ടിച്ചിട്ടുള്ളു. ഒന്‍പതുപേരെ ഒരുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചെങ്കിലും മാര്‍ച്ചില്‍ പിരിച്ചുവിട്ടു. ഇതിന് പകരം നിയമനം നടത്താത്തതാണ് പ്രവര്‍ത്തനം താളം തെറ്റാന്‍ കാരണം. ആവശ്യത്തിന്  അറ്റന്‍ഡര്‍മാരും ഇല്ല. പ്രതിസന്ധി ചൂണ്ടിക്കാട്ടി  ഡിഎംഒക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നിലവിലുള്ള ജീവനക്കാര്‍ പറയുന്നു.