രണ്ട് വര്‍ഷമായി ശമ്പളമില്ലാതെ തൊഴിലാളികള്‍; ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സില്‍ റിസീവര്‍ ഭരണം

steel5
SHARE

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്സില്‍ റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി ലോ ട്രൈബ്യൂണല്‍ ഉത്തരവിറക്കി. കമ്പനി തിരിച്ചടയ്ക്കാനുള്ള കുടിശിക തുക ഈടാക്കുന്നതിനെ സംബന്ധിച്ച് റിസീവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 107 കോടി രൂപയാണ് വായ്പായിനത്തില്‍ കമ്പനിതിരിച്ചടക്കാനുള്ളത്. അതേസമയം രണ്ടുവര്‍ഷമായി ശമ്പളം ലഭിക്കാത്ത കമ്പനിയിലെ തൊഴിലാളികള്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 

2015 ലാണ് റീ റോളിങ് മില്‍ സ്ഥാപിക്കാനായി സ്റ്റീല്‍ കോംപ്ലക്സ് കാനറ ബാങ്കില്‍ നിന്ന് 45 കോടി രൂപ  കടമെടുത്തത്. തുക അടക്കാതായതോടെ പലിശയുള്‍പ്പടെ ബാങ്ക് വായ്പ  107 കോടിയായി. ഈ കുടിശിക തുക ഈടാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ബാങ്ക് ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതുസംബന്ധിച്ച് ലോ ട്രൈബ്യൂണലുമായി സര്‍ക്കാര്‍ പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെയാണ് തുക ഈടാക്കാന്‍ ചാര്‍ട്ടേ‍ഡ് അക്കൗണ്ടന്റായ അനീഷ് അഗര്‍വാളിനെ റിസീവറായി നിയമിച്ച് ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത്. ഇതനുസരിച്ച് കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് തുക ഈടാക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് റിസീവര്‍ സമര്‍പ്പിക്കണം. എന്നാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് വന്നിട്ടും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഹൈകോടതിയെ സമീപിക്കാനാണ് തീരുമാനം.

ഉരുക്കുബാറുകളുടെയും ടിഎംടി കമ്പികളുടെയും  പ്രധാന ഉല്‍പ്പാദകരായിരുന്ന സ്റ്റീല്‍ കോംപ്ലക്സ് 2016 ലാണ് പൂട്ടിയത്. 45 കോടിരൂപ വായ്പയെടുത്ത് സ്ഥാപിച്ച റീറോളിങ് മില്‍ പരാജയമായതോടെ കമ്പനി പ്രതിസന്ധിയിലാകുകയായിരുന്നു.

MORE IN NORTH
SHOW MORE