ഭണ്ഡാരത്തിലെത്തുന്ന നാണയങ്ങള്‍ എണ്ണാന്‍ ഇനി അധികം ബുദ്ധിമുട്ടേണ്ടതില്ല . ഒമ്പതാം ക്ലാസുകാരന്‍ റിസാ മുഹമ്മദിന് പുതിയ ആശയമുണ്ട് പരിഹാരത്തിന്. 14 വയസുകാരന്‍റെ കണ്ടുപിടിത്തത്തില്‍ കയ്യടിക്കുകയാണ് മന്ത്രിയടക്കമുള്ളവര്‍.
ശബരിമലയില്‍ ഭണ്ഡാരത്തിലെത്തിയ 10 കോടി രൂപയുടെ നാണയം എണ്ണിയെടുക്കാന്‍ 1220 ജീവനക്കാര്‍ക്ക് ദിവസങ്ങളെടുക്കേണ്ടി വന്നു. ജീവനക്കാരുടെ വലിയ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് മലപ്പുറം കോട്ടക്കലിലെ ഒമ്പതാം ക്ലാസുകാരന്‍ റിസാ മുഹമ്മദ് പുതിയ മാര്‍ഗം കണ്ട് പിടിച്ചത്. ഏറെ എളുപ്പത്തില്‍ എത്ര നാണയങ്ങളും എണ്ണിയെടുക്കാവുന്നതാണ് കോയിന്‍ കൗണ്ടര്‍ എന്ന ഈ ആശയം . ചുരുങ്ങിയ ചിലവില്‍ പദ്ധതി നടപ്പിലാക്കാമെന്നും റിസ പറയുന്നുണ്ട്.
കോയിന്‍ കൗണ്ടര്‍ മാത്രമല്ല, 14 കാരന്‍ റിസയുടെ കണ്ടുപിടിത്തങ്ങളുടെ ലിസ്റ്റില്‍ ഇനിയും ഒരുപാടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് , റോബോട്ടിക്സ്, വെബ് ഡിസൈന്‍ , മൊബൈല്‍ ആപ്പ്, മൊബൈല്‍ ഗെയിംസ് എന്നിവയിലെല്ലാം റിസാ തന്‍റെ മിടുക്ക് തെളിയിച്ചതാണ്. കണ്ണു കാണാത്ത ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന സ്‌മാര്‍ട്ട് ഗ്ലാസും റിസ തയ്യാറാക്കിയിട്ടുണ്ട്.
കൊച്ചി മെട്രോ സംഘടിപ്പിച്ച ഓള്‍ കേരള ഇന്‍റര്‍ സ്‌കൂള്‍ റോബോ ചാംമ്പ്യന്‍ഷിപ്പില്‍ മൂന്നു വര്‍ഷവും ഒന്നാം സ്ഥാനം റിസക്കായിരുന്നു. അജ്‌മാനില്‍ വച്ച് നടന്ന രാജ്യാന്തര ഡിജിറ്റല്‍ ഫെസ്റ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത റിസക്ക് രണ്ടാം സ്ഥാനവും നേടാനായി. കോട്ടക്കല്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ഫഹീമ ദമ്പതികളുടെ മകനാണ് റിസാ മുഹമ്മദ്.
Riza Muhammad comes up with a new technique to count the coins