അഞ്ചാംപനി തടയാന്‍ ഗൃഹവലയം; വാക്സിനേഷന്‍ ബോധവത്കരണം

കോഴിക്കോട് നാദാപുരം പഞ്ചായത്തില്‍ അഞ്ചാംപനി തടയാന്‍  ഗൃഹവലയം. രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴാം വാര്‍ഡിലെ ചിയ്യൂരിലാണ് ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഗൃഹവലയം തീര്‍ത്തത്. വാക്സിനേഷന്‍ എടുക്കാത്ത വീടുകളില്‍ എത്തി വാക്സിനേഷന്റെ പ്രാധാന്യം ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് ജില്ലയില്‍ അഞ്ചാംപനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് നാദാപുരം പഞ്ചായത്തിലാണ്. ഇതുവരെ 33 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് കൂടുതല്‍ രോഗികള്‍ . ഇവിടെയാണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യം ഗൃഹവലയം തീര്‍ത്തത്. ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാ–കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും കൂട്ടത്തോടെ വീടുകളിലെത്തി. ബോധവല്‍കരണം നടത്തി. തുടര്‍ന്ന് നാദാപുരം പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് പ്രദേശവാസികള്‍ക്ക് പ്രതിജ്ഞചൊല്ലികൊടുത്തു. വരും ദിവസങ്ങളില്‍ മറ്റ് വാര്‍ഡുകളിലും ഗൃഹവലയം തീര്‍ക്കും. മാത്രമല്ല വിദേശത്തുള്ള രക്ഷിതാക്കള്‍ക്ക് ഒാണ്‍ലൈനായി ബോധവല്‍ക്കരണം നടത്തും.

Home circle to prevent measles in Nadapuram Panchayat, Kozhikode