വന്യമൃഗങ്ങളെ ഭയന്ന് പൂട്ടിയ വീടും പാര്‍ട്ടി ഓഫീസുകളും

വന്യമൃഗങ്ങളെ ഭയന്ന് വീടും ഭൂമിയും വിട്ട് എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ നിന്ന് നാട്ടുകാരുടെ കൂട്ടപലായനം. ജനങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന മൂന്ന് വാര്‍‍ഡുകളില്‍ ഇന്ന് അവശേഷിക്കുന്നത് പത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രം. കയറ്റുവയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസടക്കം ആന ശല്യത്തെ തുടര്‍ന്ന് അടച്ചുപൂട്ടി.

എണ്‍പതിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയറ്റുവയിലേക്ക് കുടിയേറിയതാണ് മത്തായിയുടെ കുടുംബം. ജനിച്ചുവളര്‍ന്ന ഈ വീട്ടില്‍ മരണത്തെ മുഖാമുഖം കണ്ടാണ് മത്തായിയും ഭാര്യ ഏലിയാമ്മയും കഴിയുന്നത്. ഒരേക്കറോളം വരുന്ന കൃഷിഭൂമിയും ആനക്കൂട്ടം നശിപ്പിച്ചതോടെ വരുമാനവും മുട്ടി. കയറ്റുവയില്‍ ബാക്കിയുള്ളത് രണ്ടേ രണ്ട് കുടുംബങ്ങള്‍ മാത്രം. കയറ്റുവയ്ക്ക് പുറമെ തൊടാക്കയം, പേയാട് എന്നിവിടങ്ങളില്‍ നിന്നാണ് ജനങ്ങളുടെ കൂട്ടപലായനം.

ആനക്കലിയുടെ ഭീതിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൂട്ടിയപ്പോള്‍, ഐഎന്‍ടിയുസി ഓഫിസിനെ ഓര്‍മപ്പെടുത്തുന്നത്  കൊടിമരം മാത്രമാണ്. ഏക്കര്‍ കണക്കിന് കൃഷിഭൂമിയും കിടപ്പാടവും ഉപേക്ഷിച്ച് പോകുന്നവര്‍ വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോള്‍ കഴിയുന്നത്. സര്‍ക്കാരിന്‍റെ റീ ബില്‍ഡ് കേരള മിഷന് പദ്ധതിക്കായി സ്ഥലം കൈമാറിയവര്‍ക്കും തുക ലഭിച്ചിട്ടില്ല.

Enter AMP Embedded Script