ഗർത്തം; പാലത്തിലെ ഗതാഗത നിരോധനം; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

ഗര്‍ത്തം രൂപപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് കൊല്ലങ്കോട്ടെ ഊട്ടറ പാലത്തിൽ ഗതാഗതം നിരോധിക്കേണ്ടി വന്നത് അധികൃതരുടെ അലംഭാവം കാരണമെന്ന് ആക്ഷേപം. പതിനഞ്ച് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പുതിയ പാലം ഇതുവരെയും യാഥാര്‍ഥ്യമാക്കാത്തതാണ് പ്രതിസന്ധി കൂട്ടിയത്. ചെറുവഴികളിലൂടെ ഏറെദൂരം സഞ്ചരിച്ച് പ്രധാന റോഡിലേക്കെത്തേണ്ടതിനാല്‍ യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണ്. 

പാലക്കാടിനെയും കൊല്ലങ്കോടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഗതാഗത സൗകര്യമാണ് കഴിഞ്ഞദിവസം നിലച്ചത്. ഗര്‍ത്തം രൂപപ്പെട്ടതോടെ ചെറുവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയില്‍ പാലം അടച്ചു. പ്രധാന റോഡിലേക്കെത്താന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണമെന്നത് വാഹനയാത്രികരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 

കാലപ്പഴക്കം കണക്കിലെടുത്ത് ഊട്ടറയില്‍ പുതിയ പാലം പണിയുമെന്ന പ്രഖ്യാപനത്തിന് പതിനഞ്ചിലധികം വര്‍ഷത്തെ പഴക്കമുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തീരുമാനം വൈകുന്നതാണ് പ്രതിസന്ധിയെന്ന് രമ്യ ഹരിദാസ് എം.പി. 

പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദമായി പരിശോധിച്ചു. അറ്റകുറ്റപ്പണിക്കായി അന്‍പത് ലക്ഷം രൂപ അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുമെന്ന് നെന്മാറ എംഎല്‍എ കെ.ബാബു അറിയിച്ചു. ബലപ്പെടുത്തിയാല്‍ ചെറുവാഹനങ്ങള്‍ കടത്തിവിടും. കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് പുതിയ പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ തുടങ്ങുന്നതിനാണ് തീരുമാനം.