പാലക്കാട്ടുകാര്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുക!; ചൂടില്‍ കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു

പാചകത്തിനായി മുട്ട വാങ്ങിയാല്‍ പാലക്കാട്ടുകാര്‍ കഴിവതും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. വില്‍പനയ്ക്കായി തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് കവറില്‍ ഇരുന്ന് വിരിഞ്ഞത്. അന്തരീക്ഷ താപനില കഴിഞ്ഞദിവസം നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെയെത്തിയ സാഹചര്യത്തില്‍ പാലക്കാട് മുട്ട വിരിയാന്‍ കോഴി അട ഇരിയ്ക്കണമെന്നില്ല. 

കവറില്‍ ഇരുന്നാലും കാടക്കുഞ്ഞ് വിരിയുമെന്നതിന്റെ കാരണം ശാസ്ത്രമല്ല പാലക്കാടന്‍ ചൂടാണ്. വില്‍പനയ്ക്കായി എത്തിച്ച കാട മുട്ട കവറിനുള്ളില്‍ കുഞ്ഞിന്റെ കരച്ചില്‍. നോക്കുമ്പോള്‍ ചിറക് വിടര്‍ത്താന്‍ തുടങ്ങി രണ്ട് അരുമകള്‍. അമ്മയുടെ ചൂടേല്‍ക്കാതെ ജന്മം കിട്ടിയ ഇടത്ത് മനുഷ്യന് പൊള്ളുന്നുണ്ട്. ഇവര്‍ക്ക് അതിജീവിക്കാനാവുമോ എന്നത് പാലക്കാട്ടെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഇതൊരു സൂചനയാണ്. അത്രകണ്ട് സൂര്യന്‍ പ്രതാപം തുടരുമ്പോള്‍ ഇനിയും അതിശയമെന്ന് തോന്നുന്ന പലതും നമ്മള്‍ അനുഭവച്ചറിയേണ്ടി വരും. മാനത്ത് മേഘം ഇരുണ്ടുകൂടാന്‍ പാലക്കാട്ടുകാര്‍ ഇത്രയധികം ആഗ്രഹിച്ച മറ്റൊരു കാലമുണ്ടാവില്ലെന്നതും യാഥാര്‍ഥ്യം.