kalladikodu-elephant

പാലക്കാട് കല്ലടിക്കോട് മലയോര മേഖലയില്‍ വ്യാപക നാശം വരുത്തി കാട്ടാനക്കൂട്ടം. ഒരാഴ്ചക്കിടെ അരക്കോടിയിലധികം രൂപയുടെ കൃഷിയാണ് മീന്‍വല്ലം മേഖലയില്‍ മാത്രം നശിച്ചത്. കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടെ വീണ് കർഷകർക്കും പരുക്കുണ്ട്. 

മീൻവല്ലം, പാങ്ങ്, വാക്കോട് പ്രദേശത്താണ് കൂടുതല്‍ നഷ്ടമുണ്ടായത്. രണ്ടായിരത്തിലേറെ വാഴ, നൂറ്റി അന്‍പത് തെങ്ങ്, ആയിരം കവുങ്ങ് തുടങ്ങിയവ നശിപ്പിച്ചു. ജാതി, റബർ, കുരുമുളക് കൃഷികൾക്കും നാശമുണ്ടാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ തൂക്ക് വൈദ്യുത വേലിയും സ്വകാര്യ തോട്ടങ്ങളിലെ രണ്ട് വൈദ്യുത വേലികളും തകർത്താണ് കാട്ടാനയുടെ വിളയാട്ടം. ആളുകളെ തിരിഞ്ഞോടിക്കുന്ന സ്വഭാവമുള്ളതിനാൽ അന അപകടകാരിയെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തു മുൻപ് ഏറെ നാശനഷ്ടം വരുത്തിയിരുന്ന ആന ഇടവേളക്ക് ശേഷമാണ് വീണ്ടുമെത്തി സകലതും തകര്‍ത്തത്.  

ആനയെ ഓടിക്കുന്നതിനിടയില്‍ മൂന്ന് കര്‍ഷകര്‍ക്കാണ് വീണ് നിസാര പരുക്കേറ്റത്. ഏറെ ഫലപ്രദമെന്ന് കരുതിയ വൈദ്യുത പ്രതിരോധ തൂക്ക് വേലികളും ആന തകർത്തു തുടങ്ങി. വലിയ മരം വേലിക്ക് മുകളിലെ കമ്പിയിൽ തള്ളിയിട്ടാണ് തകർക്കുന്നത്. മീൻവല്ലം മുതൽ തുടിക്കോട് വരെയാണ് വനം വകുപ്പ് ഇത്തരത്തിൽ വൈദ്യുതി വേലി ഒരുക്കിയിരിക്കുന്നത്.