തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉടൻ തുറക്കും; നടപടി മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെ

കോഴിക്കോട് ബാലുശേരിയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം അടുത്ത മാസം ഒന്നിന് തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത്. നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിനെക്കുറിച്ച് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് നടപടി. എല്ലാ ബ്ളോക്ക് പഞ്ചായത്തിലും എബിസി കേന്ദ്രം തുറക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോരമ ന്യൂസിനോട് പറഞ്ഞു.

തെരുവുനായകളുടെ ആക്രമണം തുടര്‍കഥയാകുമ്പോഴും ബാലുശേരിയില്‍ പണിപൂര്‍ത്തിയാക്കിയ വന്ധ്യംകരണ കേന്ദ്രം മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ജില്ലയിലെ രണ്ടാമത്തെ എബിസി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് മനോരമ ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് ജില്ലാ പഞ്ചായത്ത് നടപടികള്‍ വേഗത്തിലാക്കിയത്. 

തെരുവുനായകള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനിടിയില്‍ 63 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം സാങ്കേതിക കാരണം പറഞ്ഞ് തുറക്കാന്‍ വൈകിയത് നാട്ടുകാരുടെ എതിര്‍പ്പിന് വഴിവെച്ചിരുന്നു. ശസ്ത്രക്രിയ നടത്തുന്ന നായകളെ പാര്‍പ്പിക്കാനുള്ള 40 കൂടുകളുള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കരാറടിസ്ഥാനത്തില്‍ 4 വെറ്റിനെററി സര്‍ജന്മാരെയും ജീവനക്കാരെയും നിയമിച്ചതായാണ് അധികൃതര്‍ അറിയിക്കുന്നത്.

Stray dog sterilization centres will open soon; Manorama News impact