വെടിവച്ചിട്ട കാട്ടുപന്നിയുടെ ജഡം കാണാനില്ല; അന്വേഷണം

തിരുവനന്തപുരം ആര്യനാട് വെടിവച്ചിട്ട കാട്ടുപന്നിയുടെ ജഡം കാണാനില്ല. പഞ്ചായത്ത് നിയമിച്ച ലൈസൻസുള്ള ഷൂട്ടർ കാട്ടുപന്നിയെ വെടിവച്ചിട്ട ശേഷമാണ് കാണാതായത്. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

പരുത്തിപ്പള്ളി വനം റേഞ്ച് ചൂളിയാമല സെക്ഷൻ പരിധിയിലെ ആര്യനാട് ഇറവൂരിലാണ് കാട്ടുപന്നിയുടെ ജഡം കാണാതായത്. 

വെള്ളിയാഴ്ച രാത്രി ഏഴോടെ ഇറവൂർ സ്വദേശിയായ മനോജിന്റെ പുരയിടത്തിൽ കാട്ടപന്നിയിറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 

ഷൂട്ടര്‍ ജി. രാജനും സഹായി പൊടിയനും സ്ഥത്തെത്തിയത്. തുടര്‍ന്നു കാട്ടുപന്നിയെ വെടിവച്ചിട്ട് ചത്തു എന്ന് ഉറപ്പാക്കി. 

നിയമ പ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥലം ജനപ്രതിനിധിയുടെയും  സാന്നിധ്യത്തിലാണു സംസ്കരിക്കേണ്ടത്.  രാത്രി സമയത്തു ഉദ്യോഗസ്ഥർക്കു സ്ഥലത്ത് എത്താൻ കഴിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം പകൽ സംസ്കാരം നടത്തണമെന്നാണ് നിയമം. പന്നിയുടെ ശരീരത്തില്‍ ഒഴിക്കാന്‍ മണ്ണെണ്ണ എടുക്കാന്‍ ഇവര്‍ പോയ സമയത്താണ് ജ‍‍‍ഡം കാണാതായത്. 

60 കിലോയോളം തൂക്കമുള്ള പെൺ പന്നിയുടെ ജഡം ആണ‍് കാണാതായത്. സമീപത്തെ സിസി ടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. പന്നിയെ വേട്ടയാടിയ കേസുകളിൽ മുമ്പ്  ഉൾപ്പെട്ടിട്ടുള്ളവർക്ക് പങ്കുണ്ടോയെന്ന് വനംവകുപ്പ് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.