കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നതിനോട് വിയോജിച്ച് കേന്ദ്രം

പ്രതീകാത്മക ചിത്രം

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നതിനോട് വിയോജിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്. ക്ഷുദ്ര ജീവിയായി പ്രഖ്യാക്കുന്നത് കാട്ടുപന്നികളെ വിവേചന രഹിതമായി കൊലപ്പെടുത്തുന്നതിനും ആവാസ വ്യവസ്ഥയുടെ സന്തുലനം തകരാനും കാരണമാകുമെന്ന് കെ മുരളീധരൻ എംപിക്ക് നൽകിയ കത്തിൽ ഭുപേന്ദ്ര യാദവ് വ്യക്തമാക്കി. പ്രശ്നക്കാരായ മൃഗങ്ങളെ 1972ലെ വന്യജീവി നിയമപ്രകാരം വേട്ടയാടാൻ വൈൽഡ് ലൈഫ് വാർഡന്മാർക്ക് അനുമതി നൽകുന്നുണ്ട്. ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രാദേശികമായി കാട്ടുപന്നികളെ വന്യജീവി നിയമപ്രകാരം സംസ്ഥാനം കൈകാര്യം ചെയ്യണമെന്ന് വനം പരിസ്ഥിതിമന്ത്രി നിർദേശിച്ചു.

അതേസമയം, ജനവാസമേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ  തദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ്  തീരുമാനമെന്ന്  മന്ത്രി എ.കെ ശശീന്ദ്രൻ കോട്ടയത്ത്‌ പറഞ്ഞു. വനം വകുപ്പിൻ്റെ അനുമതിക്ക് കാത്തുനിൽക്കാതെ തോക്ക് ലൈസൻസുള്ളവർക്കും പൊലീസിനും പന്നികളെ വെടിവെക്കാം. വിഷം വെച്ചും വൈദ്യുതി ആഘാതം ഏൽപ്പിച്ചും പന്നികളെ പിടികൂടുന്നതിന് അനുമതിയില്ലെന്നും മന്ത്രി പറഞ്ഞു.