കോഴിക്കോട് രാമനാട്ടുകര ബസ് സ്റ്റാന്‍ഡിന് മുന്‍വശം മരണക്കെണിയായി മാറി. ഒരു മാസത്തിനിടെ മൂന്നുപേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. ബസ് സ്റ്റാന്‍ഡിലേക്ക് രണ്ടുവശത്ത് നിന്നും അമിതവേഗതയില്‍ വന്നുകയറുന്ന ബസുകള്‍ക്കിടയില്‍പെട്ടാണ് ഭൂരിഭാഗം അപകടങ്ങളും.
തിങ്കളാഴ്ചയാണ് 79 കാരന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് മരിച്ചത്. ഇതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും അപകടങ്ങള്‍ നടന്നു . അന്ന്് ബസുകളുടെ മരണ വേഗത്തില്‍ ജീവിതം അവസാനിച്ചതും കാല്‍നടയാത്രക്കാര്‍ക്ക്. ഓഗസ്റ്റില്‍ മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത ഫറോക്ക് സ്വദേശിയായ അമ്മ ബസിടിച്ച് മരിച്ചതും ഇതേ സ്ഥലത്തായിരുന്നു.
റോഡിന്റെ രണ്ടു ഭാഗങ്ങളില്‍ നിന്നും ബസുകള്‍ പാഞ്ഞടുക്കുമ്പോള്‍ ഏതു വഴിക്ക് പോകണമെന്ന് യാത്രക്കാര്‍ക്കും അറിയില്ല. ഒട്ടേറെ വിദ്യാര്‍ഥികള്‍ ദിവസവും എത്തുന്ന ബസ് സ്റ്റാന്‍ഡാണിത്. അപകടങ്ങള്‍ പതിവായതോടെ പേടിച്ചാണ് യാത്ര ചെയ്യുന്നതെന്ന് കുട്ടികള്‍. ദേശീയപാതയായതിനാല്‍ ബസുകളുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള ഹംപ് നിര്‍മിക്കാന്‍ പരിമിതിയുണ്ടെന്ന് നഗരസഭ. നഗരസഭയുടെ അപേക്ഷയെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പരിശോധന നടത്തിയിരുന്നു.