medicine-impact

താമരശേരി താലൂക്ക് ആശുപത്രിയിലെ മരുന്ന് ക്ഷാമത്തില്‍ അടിയന്തര നടപടി. അവശ്യമരുന്നുകള്‍ അടിയന്തരമായി എത്തിക്കാന്‍ ആശുപത്രി സൂപ്രണ്ട് അധികൃതര്‍ക്ക് കത്തയച്ചു. മരുന്ന് ക്ഷാമത്തെ കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.

നവജാതശിശുക്കള്‍ മുതല്‍ വാതരോഗ ചികില്‍സക്ക് എത്തുന്ന മുതിര്‍ന്നവര്‍ക്ക് പോലും മരുന്ന് ലഭിക്കാത്ത അവസ്ഥയാണ് താമരശേരി താലൂക്ക് ആശുപത്രിയില്‍.  കൊച്ചുകുട്ടികള്‍ക്ക് പനിക്കുള്ള മരുന്നുപോലും ഉണ്ടായിരുന്നില്ല. മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിന്‍റെ ഇടപെടല്‍. അടിയന്തരമായി മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ് ആരോഗ്യവകുപ്പിന് കത്തയച്ചു.  

കോവിഡിന് ശേഷം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് മരുന്ന് ക്ഷാമത്തിന് കാരണമായതെന്നും സുപ്രണ്ട് പറ‍ഞ്ഞു. ഡോക്ടര്‍മാരുടെ കുറവും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തും. കോഴിക്കോടിന്‍റെ മലയോര മേഖലകളിലെ സാധാരണക്കാരുടെ ഏക ആശ്രയമായ താലൂക്ക് ആശുപത്രിയിലെ കുറവുകള്‍ നികത്തുന്നത് ആയിരങ്ങള്‍ക്ക് ആശ്വാസമാകും.