രോഗികൾക്ക് പൂപ്പൽ ബാധിച്ച ചപ്പാത്തി; ന്യായവില ഹോട്ടലിനെതിരെ പരാതി

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്കു വിതരണം ചെയ്ത ഭക്ഷണം പഴകിയതെന്ന് പരാതി. കഴിഞ്ഞദിവസം രാത്രി വാർഡുകളിൽ വിതരണം ചെയ്ത ചപ്പാത്തി പൂപ്പൽ ബാധിച്ചതാണെന്നാണ് ആക്ഷേപം. നഗരത്തിലെ ന്യായവില ഹോട്ടലിൽ നിന്നു വിതരണം ചെയ്ത ഭക്ഷണത്തെ ചൊല്ലിയാണ് പരാതി. 

ആഹാരം പഴകിയതാണെന്ന സംശയം തോന്നിയ രോഗികൾ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇത് കഴിക്കേണ്ടെന്ന് അധികൃതര്‍ രോഗികൾക്കു നിർദേശം നൽകി. പരാതിക്കു പിന്നാലെ ഭക്ഷണ വിതരണത്തിന്റെ ചുമലതലയിൽ നിന്നു ന്യായവില ഹോട്ടലിനെ ഒഴിവാക്കിയതായി നഗരസഭാധ്യക്ഷ അറിയിച്ചു. ആശുപത്രിയിലെ കന്റീൻ നടത്തിപ്പുകാർക്കാണ് ഭക്ഷണ വിതരണത്തിന്റെ താൽക്കാലിക ചുമതല.

ഭക്ഷണവിതരണത്തിലെ അപാകതയില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കി. മാസങ്ങൾക്ക് മുൻപാണ് ഭക്ഷണവിതരണം നഗരസഭ ന്യായവില ഹോട്ടലിനെ ഏൽപ്പിച്ചത്. നേരത്തെ വർഷങ്ങളോളം കുടുംബശ്രീ യൂണിറ്റിനായിരുന്നു വിതരണ ചുമതല. അതേസമയം, കൗൺസിലിൽ പോലും ചർച്ച ചെയ്യാതെയാണ് ന്യായവില ഹോട്ടലിനു കരാര്‍ നൽകിയതെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു.