പുതുക്കാനായി പൊളിച്ചു; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും അനങ്ങാതെ ചാത്തമംഗലം പാലം പണി

കോഴിക്കോട് ചാത്തമംഗലത്ത് പുതുക്കി പണിയാനായി  പൊളിച്ച പാലം ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മിച്ചില്ല. യാത്രാക്ലേശം രൂക്ഷമായതിനെ തുടര്‍ന്ന് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. കരിങ്കല്‍ ഭിത്തിയും കൈവരിയും തകര്‍ന്ന് ഗതാഗതം ഭീഷണിയിലായ നിലയിലായിരുന്നു പാലം.  അഞ്ചു വര്‍ഷം കാത്തിരുന്നിട്ടാണ് പാലം പുതുക്കിപണിയാനുള്ള അനുമതി ലഭിച്ചത്. നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് ഒന്നരക്കോടി രൂപ വകയിരുത്തുകയും ചെയ്തു. 2021 ജനുവരിയില്‍ പാലവും പൊളിച്ചു.

പണി തുടങ്ങാതായതോടെ നാട്ടുകാര്‍ സമരം തുടങ്ങി. തുടര്‍ന്ന് പണി തുടങ്ങിയെങ്കിലും ഇടയ്ക്ക് വെച്ച് കരാറുകാരന്‍ കയ്യൊഴിഞ്ഞു. പിന്നീട് ജൂണില്‍ പുതിയ കരാര്‍ നല്‍കിയെങ്കിലും നിര്‍മാണം പ്രാരംഭഘട്ടത്തില്‍ നിന്ന് ചലിച്ചിട്ടില്ല. മാവൂര്‍ – ചാത്തമംഗലം അതിര്‍ത്തിയിലുള്ള പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം മുഴപ്പാലത്തുകാരുടെ ഏക ആശ്രയമാണ്. പാലമില്ലാതായതോടെ ഈ റൂട്ടിലെ ബസ് സര്‍വീസുകളും നിലച്ചു. സര്‍ക്കാര്‍ കോളജുകളടക്കം നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.