അട്ടപ്പാടി വഴി മണ്ണാർക്കാട്ടേക്ക് തമിഴ്നാടിന്റെ ബസ് സർവീസ്

അട്ടപ്പാടി വഴി മണ്ണാർക്കാട്ടേക്ക് തമിഴ്നാട് സർക്കാരിന്റെ ബസ് സർവീസ് ആരംഭിച്ചു. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് മേട്ടുപ്പാളയത്തു നിന്ന് മണ്ണാർക്കാട്ടേക്ക് ദിവസേന സർവീസ് നടത്തുന്നത്. ആദിവാസികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ സഹായമാകുന്ന സര്‍വീസെന്നാണ് വിലയിരുത്തല്‍.  

മണ്ണാർക്കാട്ടെ തമിഴ് കുടിയേറ്റക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ് സ്റ്റാൻലിൻ സർക്കാർ യാഥാർഥ്യമാക്കിയത്. കുടിയേറ്റക്കാർക്കു പുറമേ വ്യാപാര ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി തമിഴ്നാടുമായി നിരന്തരം ബന്ധം പുലർത്തുന്നവർ ഏറെയുണ്ട് മണ്ണാർക്കാട് മണ്ഡലത്തില്‍. തമിഴ്നാട് സർക്കാരിന്റെ ബസ് സർവീസ് അട്ടപ്പാടി വഴി ആരംഭിക്കണമെന്നത് അട്ടപ്പാടിയിലെ തമിഴ് കുടിയേറ്റക്കാരുടെ നിരന്തര ആവശ്യമായിരുന്നു. എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർവീസിന് തീരുമാനമെടുത്തെങ്കിലും യാഥാര്‍ഥ്യമായില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ബസ് ഓടുന്നതിന് പച്ചക്കൊടിയായി. 

രാവിലെ അറിന് മേട്ടുപ്പാളയത്തു നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ആനക്കട്ടി, അഗളി, മുക്കാലി വഴി പതിനൊന്നരയോടെ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ എത്തും. പന്ത്രണ്ട് മണിക്ക് മണ്ണാർക്കാട് നിന്ന് തിരിക്കുന്ന ബസ് കോയമ്പത്തൂർ വഴി തിരുപ്പൂരിലേക്കും അവിടെ നിന്ന് തിരിച്ച് മേട്ടുപ്പാളയത്ത് എത്തും.