ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു; താലൂക്ക് ആശുപത്രിക്കെതിരെ പരാതി

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ശുചിമുറികളിൽ നിന്നുള്ള മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി. നഗരസഭാ ഓഫിസ് പരിസരത്തേക്കും റോഡിലേക്കുമാണ് മലിനജലം ഒഴുകുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ജനപ്രതിനിധികളുടെ ആക്ഷേപം.

ശുചിമുറികളിൽ നിന്നുള്ള മലിനജലം ടാങ്കുകളിലേക്ക് ഒഴുക്കി ഇവിടെ നിന്നാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വിടുന്നത്. ഇതിൽ ഒരു ടാങ്കാണു നിറഞ്ഞു കവിയുന്നത്. അതേസമയം, നഗരസഭയുടെ വാർഷിക പദ്ധതിയിൽ വകയിരുത്തിയ ഒൻപതര ലക്ഷം രൂപ വിനിയോഗിച്ചു മറ്റൊരു സംഭരണി നിർമിച്ചു പ്രശ്നം പരിഹരിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.