വിലയിടിവും കൃഷിനാശവും മൂലം വയനാട് ജില്ലയിൽ കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുൻ വർഷങ്ങളിലെ കൃഷിനാശത്തിന് അർഹമായ സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഒട്ടേറെ കര്‍ഷകരാണ് കുരുമുളക് കൃഷി തന്നെ പൂര്‍ണമായി ഉപേക്ഷിച്ചത്. ഒരു കാലത്ത് കറുത്ത പൊന്നിന്റെ നാടായിരുന്നു വയനാട്. ലോകപ്രശസ്തമായിരുന്ന വയനാടന്‍ കുരുമുളക് കൃഷിയെ രോഗങ്ങള്‍ക്ക് പുറമേ വിലയിടിവും കൃഷിനാശവും കാര്യമായി ബാധിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം വര്‍ഷങ്ങളായി കര്‍ഷകര്‍ അനുഭവിക്കുന്നു. മുന്‍ വർഷങ്ങളില്‍ ഒരു ക്വിന്റൽ കുരുമുളകിന് എഴുപതിനായിരത്തോളം രൂപ ലഭിച്ചിരുന്നു. ഇന്നത് നേരെ പകുതിയായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വയനാട് ജില്ലയിലെ കർഷകർക്ക് കൃഷിനാശത്തിന് ആനുപാതികമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കുരുമുളക് ഇറക്കുമതിയും പ്രതികൂലമായി. കൃഷിവകുപ്പും സ്‌പൈസസ് ബോർഡും അവഗണിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി.
.കഴിഞ്ഞ പ്രളയത്തിൽ പുൽപള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിൽ നിരവധി ഹെക്ടർ കുരുമുളക് കൃഷി നശിച്ചിരുന്നു. കോടികളുടെ നഷ്ടമുണ്ടായിട്ടും അർഹമായ നഷ്ടപരിഹാരം ലഭിക്കാത്തതാണ് കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. കുരുമുളക് കൃഷി പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ ഗുണങ്ങൾലഭ്യമായിട്ടില്ലെന്നും കർഷകർ പരാതിപ്പെടുന്നു.