വാളയാർ അന്വേഷണം അട്ടിമറിച്ചവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; കുട്ടികളുടെ അമ്മ

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഉന്നത പദവികള്‍ നല്‍കി ആദരിച്ചെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി. നീതി കിട്ടുംവരെ സമരമെന്ന അമ്മയുടെ നിലപാടിന് പൂര്‍ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന പരാതിയുമായി കുട്ടികളുടെ അമ്മ വീടിന് മുന്നില്‍ നടത്തുന്ന ഏകദിന നിരാഹാര സത്യഗ്രഹം തുടരുകയാണ്. 

മൂത്തമകളുണ്ടായിരുന്നുവെങ്കില്‍ അവള്‍ക്ക് ഇന്ന് പതിനേഴ് തികയുമായിരുന്നു. ഈ ദിവസം എനിക്കുണ്ടാക്കുന്ന വേദന ചെറുതല്ല. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ലെന്ന് അറിയാമെങ്കിലും അതിന് കാരണക്കാരായവരെ ശിക്ഷിക്കും വരെ ഇങ്ങനെ പോരാടുമെന്ന് കുട്ടികളുടെ അമ്മ. പ്രതികളെ സഹായിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണം. 

കുടുംബത്തിന് ഒരുതരത്തിലും നീതി ലഭിച്ചിട്ടില്ലെന്ന് നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് വി.കെ.ശ്രീകണ്ഠന്‍ എം.പി പറ‍ഞ്ഞു. ഓരോ സമയത്തും കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെയുണ്ടായി. പീഡനക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യുന്ന അവസ്ഥയിലേക്ക് നാട് മാറി. 

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിലവിലെ സമരം. സിബിഐ അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുന്നുവെന്നാണ് വാളയാര്‍ സമരസമിതിയുടെയും നിലപാട്.