വാഹനയാത്രയും കാല്‍നടയാത്രയും ദുസ്സഹം; തകർന്ന് കോടോംബേളൂര്‍ – പറക്കളായി റോഡ്

മഴക്കാലത്ത് വാഹനയാത്രയും കാല്‍നടയാത്രയും ഏറെ ദുസ്സഹമായി കാസര്‍കോട്ടെ,, കോടോംബേളൂര്‍ – പറക്കളായി റോഡിലൂടെയുള്ള യാത്ര. മലയോരവാസികള്‍ക്ക് പ്രധാന നഗരങ്ങളിലേക്കെത്താനുള്ള റോഡാണ് തകര്‍ന്നുകിടക്കുന്നത്. 

ജില്ലയുടെ മലയോരമേഖലയിലെ നൂറു കണക്കിന് യാത്രക്കാര്‍ പ്രധാന നഗരമായ കാഞ്ഞങ്ങാട്ടേക്ക് കടന്നുവരുന്ന പാതയാണ് തകര്‍ന്ന് ചെളിക്കുളമായി കിടക്കുന്നത്. മലയോര പഞ്ചായത്തായ കോടോംബേളൂരിലെ മൂന്നാം മൈല്‍–പറക്കളായി റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരം പൂര്‍ണമായി തകര്‍ന്ന് കാല്‍നട പോലും ദുസ്സഹമായിരിക്കുകയാണ്. പറക്കളായി ആയൂര്‍വേദ കോളജ്, വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനം എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും ഈ ദുരിത പാത താണ്ടണം. മഴക്കാലമായതോടെ ഈ റോഡിലൂടെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതായി.കോടോംബേളൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ജില്ലാ പഞ്ചായത്ത് റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് എതിരെ നാട്ടുകാരില്‍ പ്രതിഷേധമുയരുകയാണ്.