korapuzha-bridge

അഞ്ചുമാസം മുമ്പ് തുറന്നുകൊടുത്ത കോഴിക്കോട് കോരപ്പുഴ പാലം ഇരുട്ടില്‍. നിര്‍മാണ സമയത്ത് താല്‍കാലികമായി എടുത്ത  വൈദ്യുതി കണക്ഷന്‍ കരാര്‍ കമ്പനി, വിഛേദിച്ചതാണ് പാലം ഇരുട്ടിലാകാന്‍ കാരണം. എന്നാല്‍ കണക്ഷന്‍ വിഛേദിക്കുന്ന കാര്യം കോഴിക്കോട് കോര്‍പറേഷനെ നേരത്തെ അറിയിച്ചതാണെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.  

കോരപ്പുഴ പാലത്തിലെ പകല്‍ സമയത്തെ കാഴ്ചയാണിത്. ഇരുവശങ്ങളിലും നല്ല നടപ്പാത. വിളക്കുകാലുകള്‍.ഇനി രാത്രിക്കാഴ്ച കാണാം. അത്ര സുന്ദരമല്ല ഇത്. വെളിച്ചം നല്‍കി പ്രകാശിക്കേണ്ട ബള്‍ബുകള്‍ അണഞ്ഞുകിടക്കുന്നു. സര്‍വീസ് റോഡുകള്‍ ഉള്‍പ്പടെ  പാലവും സമീപ പ്രദേശങ്ങളും പൂര്‍ണമായും ഇരുട്ടില്‍. പാലത്തിനിരുവശവുമുള്ള യാത്രക്കാരുടെ  ഏക ആശ്രയമായിരുന്നു ഇത്.

പാലത്തിന്റെ നിര്‍മാണത്തിനായി  കരാറെടുത്ത ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി താല്‍കാലിക കണക്ഷന്‍ എടുത്തതായിരുന്നു. പണി പൂര്‍ത്തിയായപ്പോള്‍ അവരത് വിഛേദിച്ചു. വിളക്കു തെളിയിക്കേണ്ട ചുമതല കോര്‍പറേഷനാണ് .കാര്യങ്ങള്‍  കൃത്യമായി  അറിയിച്ചതിനുശേഷമാണ് ഇത് വിഛേദിച്ചതെന്ന് പൊതുമരാമത്ത് പറയുന്നത്.  ഒരാഴ്ച മുന്പ് കെ.എസ്.ഇ.ബിക്ക് അപേക്ഷ നല്‍കിയെന്നും എന്താണ് വൈകുന്നതെന്ന് അറിയില്ലെന്നുമായിരുന്നു കോര്‍പറേഷന്‍ വിശദീകരണം .