മലപ്പുറം പുതുപ്പൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ പ്രദേശത്തെ മല്‍സ്യബന്ധനമേഖലയാകെ പ്രതിസന്ധിയിലാക്കുന്നു. ചെറുവള്ളങ്ങൾക്കുപോലും അഴിമുഖത്തേക്ക് അടുക്കാൻ കഴിയാത്ത വിധം കുന്നുകൂടിയ മണല്‍ക്കൂന നീക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
തുടർച്ചയായുണ്ടായ പ്രളയത്തിലും കടലാക്രമണത്തിലുമായി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽതിട്ടയാണ് മൽസ്യതൊഴിലാളികളെ പ്രയാസത്തിലാക്കുന്നത്. മല്‍സ്യവുമായെത്തുന്ന യാനങ്ങൾക്ക് മണൽതിട്ടകൾ അപകട ഭീഷണി ഉയർത്തുകയാണ്. തിട്ടയില്‍ തട്ടി വള്ളങ്ങള്‍ തകരാറുമുണ്ട്. മീൻപിടുത്തത്തിന് തടസമായി നേരത്തെ കുന്നുകൂടി കിടന്നിരുന്ന കരിങ്കല്ലുകൾ നീക്കം ചെയ്തെങ്കിലും മണൽതിട്ടകൾ നീക്കം ചെയ്യാനുളള തീരുമാനം അനിശ്ചിതമായി നീണ്ടു പോവുകയാണ്.
ദിവസവും നൂറുകണക്കിന് തോണികളും ബോട്ടുകളുമാണ് പുതുപൊന്നാനി അഴിമുഖം കേന്ദ്രീകരിച്ച് മൽസ്യബന്ധനം നടത്തുന്നത്. തൊഴിലാളികൾക്ക് ഭീതിയില്ലാതെ ജോലി ചെയ്യാന്‍ അഴിമുഖത്ത് പുലിമുട്ട് നിർമിക്കണമെന്ന ആവശ്യവും കാലങ്ങളായുണ്ട്. പദ്ധതിക്കു വേണ്ടി പ്രാഥമികമായി 74 ലക്ഷം രൂപ ചിലവഴിക്കുന്ന പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനാനുമതിയായില്ല.