വയനാട് ചൂരല്‍മല റോഡ് നവീകരണം പ്രതിസന്ധിയില്‍; ദുരിതയാത്ര

കിഫ്ബി നാല്‍പ്പത് കോടി രൂപയോളം വകയിരുത്തിയ വയനാട് ചൂരല്‍മല റോഡ് നവീകരണം പ്രതിസന്ധിയില്‍. 2018 ലാണ് നവീകരണം ആരംഭിച്ചത്. എന്നാല്‍ മുപ്പത് ശതമാനം ജോലി പോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.

മേപ്പാടിയിലെ തോട്ടം മേഖലകളിലുള്ളവരുടെ ആശ്രയമാണ് ഈ റോഡ്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. പതിമൂന്ന് കിലോമീറ്ററോളം ദൂരമാണ് നന്നാക്കാനുള്ളത്. നാല്‍പത് കോടിയോളം രൂപവകയിരുത്തിയിരുന്നു. 2018 ലാണ് പണി തുടങ്ങിയത്. ഇതുവരെ മുപ്പത് ശതമാനം പോലും പൂര്‍ത്തിയായില്ല.

പരാതി പറഞ്ഞ് മടുത്തെന്ന് നാട്ടുകാര്‍ പറയുന്നു. പൊടിശല്യം കൊണ്ട് യാത്ര ബുദ്ധിമുട്ടാണ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് പോലും വലിയ തടസങ്ങളാണ്.

പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് വീതികൂട്ടാന്‍ എസ്റ്റേറ്റുകാരും മറ്റും ഭൂമി വിട്ടുകൊടുക്കാത്തതാണ് കാരണമെന്നാണ് കരാറുകാര്‍ നല്‍കുന്ന മറുപടി.എന്നാല്‍ പൊതുമരാമത്ത് വകുപ്പും കരാറുകാരും ഒത്തുകളിക്കുകയാണെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം