ഗതാഗതക്കുരുക്കിൽ കുടുങ്ങി കൊയിലാണ്ടി; വലഞ്ഞ് യാത്രക്കാർ

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കോഴിക്കോട് കൊയിലാണ്ടി നഗരം. അനിശ്ചിതമായി നീളുന്ന റോഡ് നവീകരണം മണിക്കൂറുകളാണ് വാഹനയാത്രികരെ കുരുക്കിലാക്കുന്നത്. ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി.  

രോഗിയുമായി പായുന്ന ആംബുലന്‍സിന് കൊയിലാണ്ടി കടക്കാന്‍ ഇത്രയേറെ തടസമുണ്ടെങ്കില്‍ മറ്റ് വാഹനങ്ങളുടെ കാര്യം പറയേണ്ടതില്ല. ഗതാഗതക്കുരുക്ക് തുടങ്ങിയിട്ട് രണ്ടരമാസം പിന്നിടുന്നു. റോഡ് നവീകരണം എങ്ങുമെത്താതായപ്പോള്‍ വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് നഗരം പിന്നിടാന്‍ കാത്തുകിടക്കുന്നത്. രാവിലെയും വൈകുന്നേരവും കുരുക്ക് രൂക്ഷമാണ്. നവീകരണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നതല്ലാതെ കൊയിലാണ്ടിക്ക് ശ്വാസം വിടാനാകുന്നില്ല. 

ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് നവീകരണം കഴി‍ഞ്ഞെങ്കിലും തറയോട് പാകുന്നതുള്‍പ്പെടെയുള്ള ജോലികളാണ് അവശേഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും ഒരുമാസത്തിലധികം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഗതാഗതം വഴിതിരിച്ചുവിട്ട് കുരുക്കൊഴിവാക്കുമെന്ന് ആര്‍.ഡി.ഒ നേരിട്ടെത്തി അറിയിച്ചിരുന്നതാണ്. എന്നാല്‍ ബദല്‍ റോഡ് വഴിയുള്ള യാത്ര പലരും ഉപേക്ഷിച്ചതോടെ വീണ്ടും നഗരത്തില്‍ കുരുക്കായി. പരിഹാരത്തിന് അടിയന്തര യോഗം വിളിക്കുമെന്ന് കൊയിലാണ്ടി നഗരസഭ അധികൃതര്‍ അറിയിച്ചു.