റോഡ് നിർമ്മാണത്തിൽ അപാകത; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നാട്ടുകാർ

വയനാട് പുൽപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ  റോഡ് നിർമ്മാണത്തിൽ അപാകത ചൂണ്ടിക്കാട്ടി  നാട്ടുകാർ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന്. കരിമ്പനക്കൽ  ഊട്ടിവയൽ റോഡാണ് അശാസ്ത്രീയമായി പണിതത്. 

റോഡ് നിരപ്പിൽ നിന്നും ഉയരത്തിലാണ് കലുങ്ക് നിർമ്മിച്ചത്. ഇതോടെ ഇത് വഴിയുള്ള വാഹന ഗതാഗതം നിലച്ചു. റോഡിൽ നിന്നും കലുങ്കിലേക്ക് കയറുന്നത് കാൽ നടയാത്രക്കാർക്കും  ബുദ്ധിമുട്ടാണ്. തോടിനു കുറുകെയുള്ള കലുങ്കിന്റെ അടിത്തറ കെട്ടിയത് നീരൊഴുക്ക് തടസപ്പെടുത്തിയാണ്. 

നിരവധി തവണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പക്ഷെ ഫലമുണ്ടായില്ല. പതിനഞ്ചു ലക്ഷം രൂപ ചിലവിട്ടായിരുന്നു നിർമ്മാണപ്രവൃത്തികൾ.