കക്കയത്ത് കുടിവെള്ളവും ലഘുഭക്ഷണവുമില്ല; സഞ്ചാരികൾ വലയുന്നു

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ കോഴിക്കോട് കക്കയം വിനോദ സഞ്ചാര കേന്ദ്രം തുറന്നെങ്കിലും പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം വൈകും. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം നിലവിലുള്ളവ മികവുറ്റതാക്കുന്നതിനാണ് തീരുമാനം. ഹോട്ടലുകള്‍ പൂര്‍ണമായും തുറക്കാത്തതിനാല്‍ കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യത്തിനും പ്രതിസന്ധിയുണ്ട്. 

കക്കയത്തേക്കുള്ള യാത്രക്കിടെ ചെറുതും വലുതുമായ നിരവധി കടകളും ഹോട്ടലുകളുമാണ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളൊഴിഞ്ഞ് സഞ്ചാരികളെത്തിത്തുടങ്ങിയെങ്കിലും ഇവ അടഞ്ഞുകിടക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ മറികടന്ന് മുകളിലെത്തുന്നവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കിട്ടാത്ത സ്ഥിതിയുണ്ട്. പ്രതിസന്ധി കാലത്തും കക്കയത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് ഉരല്‍ക്കുഴിയിലുള്‍പ്പെടെ വനംവകുപ്പ് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. കക്കയത്തെ ആശ്രയിച്ച് കഴിയുന്ന നിരവധിയാളുകള്‍ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ്. 

പുതിയ പദ്ധതികള്‍ ഉടനില്ലെങ്കിലും ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായ കുട്ടികളുടെ പാര്‍ക്ക് നവീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഹോട്ടലും ലഘുഭക്ഷണശാലകളും വേഗത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.