കൃഷിഭവനിൽ നിന്ന്‌ നെൽവിത്ത് ലഭിക്കുന്നില്ല: പരാതി

കൃഷിഭവനിൽ നിന്ന്‌ യഥാസമയം നെൽവിത്ത് ലഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സ്വകാര്യവ്യക്തികളിൽനിന്ന്‌ അമിതവിലനൽകി നെൽവിത്തുവാങ്ങി കൃഷിയിറക്കേണ്ട സ്ഥിതിയാണുള്ളത്. പാലക്കാട് പട്ടിത്തറ പഞ്ചായത്തിലെ കോട്ടപ്പാടം പാടശേഖര സമിതിയിലെ കർഷകരുടെതാണ് പരാതി.

   

നൂറിലേറെ കർഷകരാണ് കോട്ടപ്പാടം പാടശേഖരത്തിനുകീഴിലുള്ളത്. 3200 കിലോഗ്രാം നെൽ വിത്താണ് കർഷകർ കൃഷിഭവനോട് ആവശ്യപ്പെട്ടിരുന്നത്. 2,000 കിലോഗ്രാം വിത്ത് നൽകാൻ മാത്രമാണ് കൃഷിവകുപ്പ് തയ്യാറായത്. ജൂലായ്‌ ആദ്യ ആഴ്ചയിൽത്തന്നെ ലഭിക്കേണ്ട വിത്ത് ഏറെ വൈകുന്നത്  കർഷകർക്ക് ബുദ്ധിമുട്ടായി. ഇതോടെ കിലോഗ്രാമിന് 10 രൂപനിരക്കിൽ ലഭിക്കേണ്ട നെൽവിത്ത് 40 രൂപയോളം ചെലവഴിച്ച് സ്വകാര്യവ്യക്തികളിൽനിന്നുവാങ്ങാൻ കർഷകർ നിർബന്ധിതരാകുന്നു.

ഉമ നെൽവിത്താണ് കൃഷിയിറക്കാറുള്ളത്. പാടത്ത് ജലസേചനസൗകര്യമൊരുക്കണമെന്ന കർഷകരുടെ വർഷങ്ങളായുള്ള ആവശ്യവും അധികൃതർ അവഗണിക്കുകയാണ്.

മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്നവരാണ് കൂടുതലും.