കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കാനുള്ള വയനാട്ടിലെ പദ്ധതി പാളി

കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കാനുള്ള വയനാട്ടിലെ പദ്ധതി പാളി. ബത്തേരി അമ്മായിപ്പാലത്ത് ഇതിനായി മില്‍ നിര്‍മ്മിച്ചിരുന്നു. പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങങ്ളും മറ്റ് സംവിധാനങ്ങളും നശിക്കുകയാണ്.

ബത്തേരി അമ്മായിപ്പാലത്ത് കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തിലാണ് റൈസ് മില്‍. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് രണ്ട് വര്‍ഷമായി. മൂന്നരക്കോടിയോളം രൂപ ചിലവിട്ടു.

യന്ത്രസാമഗ്രികളും സജ്ജീകരിച്ചു. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് കുത്തി അരിയാക്കി വിപണയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജീരകശാല, ഗന്ധകശാല ഇനം നെല്ലുകള്‍ മാത്രമേ ഇവിടെ അരിയാക്കാനാകൂ. ഈ ഇനങ്ങള്‍ ജില്ലയില്‍ കുറവാണ്.

മില്‍ എത്രയം പെട്ടന്ന് തുറന്നു പ്രവര്‍ത്തിക്കുന്നതിനൊപ്പം ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ നെല്ലിനങ്ങളും അരിയാക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

ജില്ലയില്‍ കൃഷി വകുപ്പിന്റെ നെല്ല് സംഭരണം പലപ്പോഴും കാര്യക്ഷമമല്ല. അരിയാക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ നെല്ല് കിട്ടിയ വിലയ്ക്ക് വില്‍ക്കുകയാണ് കര്‍ഷകര്‍.