ഫണ്ട് എന്നേ റെഡി; പാലയാട് ഇനിയും പാലമായില്ല; പ്രതിഷേധം

എംപിയുടേയും ഫിഷറീസ് വകുപ്പിന്‍റെയും ഫണ്ട് അനുവദിച്ച് കാലങ്ങളായിട്ടും വടകര മണിയൂരിലെ പാലയാട് തുരുത്ത് നിവാസികള്‍ക്ക് പാലമായില്ല. രാഷ്ട്രീയ വിവാദങ്ങളില്‍ കുരുങ്ങി പാലം വൈകുന്നതിന്‍റെ അമര്‍ഷത്തിലാണ് നാട്ടുകാര്‍.

പാലയാട് തുരുത്ത് വാസികള്‍ക്ക് ഇതേ പറയാനുള്ളൂ. മരത്തടി കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക പാലത്തിലൂടെ പുഴ കടന്നു മടുത്തു. ഇനിയെങ്കിലും പാലം കിട്ടിയേ തീരൂ. കെ. മുരളീധരന്‍ എം.പിയാണ് ഫണ്ട് ആദ്യം അനുവദിച്ചത്. 50 ലക്ഷം രൂപ. പിന്നാലെ ഫിഷറീസിന്‍റെ 65 ലക്ഷം രൂപ കൂടി കിട്ടി. ഇതിനെച്ചൊല്ലി 

കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ വാദപ്രദിവാദത്തിലായതോടെ പാലം വിദൂരസ്വപ്നമായി തുടര്‍ന്നു. 12 കുടുംബങ്ങളാണിപ്പോള്‍ തുരുത്തില്‍ താമസിക്കുന്നത്. ചികില്‍സ ലഭിക്കാനെല്ലാം മണിക്കൂറുകള്‍ യാത്ര ചെയ്യണമെന്നായതോടെ ഒട്ടേറെ കുടുംബങ്ങള്‍ ഇതിനോടകം തുരുത്ത് വിട്ടു.