കണ്ണൂരില്‍ ശക്തമായ കാറ്റും മഴയും; വാഴകൃഷി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കണ്ണൂരിലെ മലയോര മേഖലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി വാഴ കൃഷി നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത പതിനായിരത്തിലേറെ വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്.

മഴ കൂടാതെ ശക്തമായ കാറ്റും വീശിയതോടെ വാഴ കര്‍ഷകരുടെ പ്രതീക്ഷകളാണ് അസ്തമിച്ചത്. കണ്ണൂരിലെ അയ്യങ്കുന്ന്, പായം പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മുണ്ടയാംപറമ്പ് നാട്ടയില്‍ മാത്രം ഏഴായിരത്തോളം വാഴകള്‍ നിലംപൊത്തി.  ചെങ്കല്‍പണ നികത്തി ശാസ്ത്രീയമായ രീതിയില്‍ നട്ടുവളര്‍ത്തിയ വാഴകള്‍ പൂര്‍ണമായും നശിച്ചു. എല്ലാം കുലച്ച വാഴകളായിരുന്നു .

ലോണെടുത്ത് കൃഷിയിറക്കിയവരാണ് ഏറെയും.  പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.