കോവിഡ് പ്രതിസന്ധിക്കൊപ്പം പ്രളയഭീഷണിയും; ആശങ്കയിൽ പറശ്ശിനിക്കടവ് വ്യാപാരികൾ

കോവിഡ് കാലത്തെ പ്രതിസന്ധിക്ക് പിന്നാലെ പ്രളയം കൂടി നേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണ് പറശ്ശിനിക്കടവിലെ വ്യാപാരികള്‍. കടകള്‍ അടച്ചിട്ട് നാലുമാസത്തിലേറെയായി. പിന്നാലെ മഴയും കനത്തു. കഴിഞ്ഞ വര്‍ഷത്തേത് പോലെ പ്രളയമുണ്ടായാല്‍ വലിയ നഷ്ടമായിരിക്കും വ്യാപാരികള്‍ക്ക് ഉണ്ടാവുക.

പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുരയിലെത്തുന്ന ഭക്തജനങ്ങളെ ആശ്രയിച്ച് നൂറ്റി അമ്പതോളം കച്ചവട സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ഈ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. അതില്‍ നിന്ന് കരകയറുന്നതിനിടെ,  കോവിഡ് കാരണം കടകള്‍ വീണ്ടും അടച്ചു. ഇതുവരെ തുറന്നിട്ടില്ല. ഇനിയൊരു പ്രളയം കൂടി ഉണ്ടായാല്‍ വ്യാപാരികളുടെ ജീവിതം വലിയ പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.

പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കാലാവധി കഴിഞ്ഞതിനാല്‍ പല സാധനങ്ങളും ഇപ്പോള്‍ തന്നെ നശിച്ചിട്ടുമുണ്ട്.