കാട്ടുപന്നി ശല്യം രൂക്ഷം; കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ

കോഴിക്കോട്  മാവൂര്‍, ചാത്തമംഗലം പഞ്ചായത്തുകളില്‍ പന്നിശല്യംമൂലം  കൃഷി ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വനപാലകര്‍തന്നെയെത്തി വെടിവച്ച് കൊല്ലണമെന്നാണ് ഇവരുെ ആവശ്യം. പത്തില്‍ താഴെ സ്വകാര്യവ്യക്തികള്‍ക്ക് മാത്രമാണ് തോക്കിന് ലൈസന്‍സുള്ളത്. 

കുലച്ച വാഴകള്‍വരെ കാട്ടുപന്നികള്‍ കുത്തിയും തിന്നും നശിപ്പിച്ചിരിക്കുന്നു. വിലതകര്‍ച്ചയും കോവിഡും കൂടി എത്തിയതോടെ പലരും കൃഷിതന്നെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. പന്നി ശല്യം രൂക്ഷമായ മാവൂരിലും ചാത്തമംഗലത്തും തോക്കിന് ലൈന്‍സ് ഉള്ളത് വിരലിലെണ്ണാവുന്ന ആളുകള്‍ക്കാണ്. ഇവര്‍ക്ക് വെടിവയ്ക്കാനുള്ള അനുമതിയും ഇതുവരെ നല്‍കിയിട്ടില്ല. 

വനപാലകര്‍തന്നെ പന്നികളെ കൊല്ലുന്നത് നിയമകുരുക്ക് ഒഴിവാക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.ഈ മേഖലയില്‍ നശിപ്പിക്കപ്പെട്ട കാര്‍ഷിക വിളകള്‍ക്ക് വനംവകുപ്പില്‍നിന്ന് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.