'പൂച്ചയ്ക്ക് ഞാന്‍ മണികെട്ടും'; കോവിഡിനെ പിടിച്ചുകെട്ടാൻ പദ്ധതി

കോവിഡ്–19 രോഗവ്യാപനം തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള ക്യാംപയിന്‍ ആവിഷ്ക്കരിച്ച് കണ്ണൂര്‍ ജില്ല ഭരണകൂടം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്  'പൂച്ചയ്ക്ക് ഞാന്‍ മണികെട്ടും' എന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക മൊബൈല്‍ അപ്ലിക്കേഷനും പുറത്തിറക്കും.

സ്വന്തം ഫേയ്സ്ബുക്ക് പേജിലൂടെയാണ് പൂച്ചയ്ക്ക് ഞാൻ മണികെട്ടും എന്ന ക്യാംപയിന്‍ ജില്ല കലക്ടര്‍ ടി.വി.സുഭാഷ് പ്രഖ്യാപിച്ചത്. കോവിഡ്–19 രോഗബാധ കുറച്ചുകാലം മനുഷ്യരാശിയോടൊപ്പം തുടരുമെന്ന വിദഗ്ദ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. കൊവിഡിനൊപ്പം ജീവിക്കുക എന്ന വെല്ലുവിളിയിലേയ്ക്ക് ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള അഞ്ച് ശീലങ്ങളാണ് സമൂഹത്തിനായി ഈ പരിപാടിയിലൂടെ ജില്ല ഭരണകൂടം മുന്നോട്ട് വയ്ക്കുന്നത്. ക്വാറന്റീൻ വ്യവസ്ഥകൾ കർശനമായി പാലിക്കുക,മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുക്കുക, പൊതുസ്ഥലത്ത് തുപ്പാതിരിക്കുക തുടങ്ങിയ സുരക്ഷ മുന്‍കരുതല്‍ ഉറപ്പാക്കും.

സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് മൊബൈല്‍ അപ്ലിക്കേഷന്‍ ഒരുക്കുന്നത്. നിയമലംഘനത്തിനെതിരെ ശക്തമായ നടപടികളും ആലോചനയിലുണ്ട്. ക്യാംപയിനിന്റെ കൃത്യമായ നടത്തിപ്പിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്ക്സ്, ഡ്രോൺ തുടങ്ങിയ ആധുനീക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. ടിക്ടോക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ് ഫോമുകളിലൂടെയായിരിക്കും ആശയത്തിന്റെ പ്രചാരണം.